ചെറുവത്തൂർ: ചെറുവത്തൂർ കൊവ്വൽ എ യു പി സ്കൂളിലെ നേഹ വീട് വിദ്യാലയം പദ്ധതിയിലൂടെ
യു.എസ്.എസ് പരീക്ഷാ വിജയം നേടി. സംസ്ഥാനത്ത് ആദ്യമായാണ് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതി വഴി ഒരു ഭിന്നശേഷിക്കാരി യു.എസ്.എസ്.പരീക്ഷയിൽ വിജയിക്കുന്നത്.
മൂന്നാംക്ലാസുവരെ മാത്രമാണ് നേഹ സ്കൂളിൽ പഠിച്ചത്. കഴിഞ്ഞ നാലു വർഷമായി കിടപ്പിലാണ്.
വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് നേഹയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. നേഹയുടെ വിജയം സമൂഹത്തിന് നൽകുന്ന അതിജീവന സന്ദേശം ഏറെ മൂല്യവത്താണെന്നും വിദ്യാഭ്യാസത്തിന് വേണ്ട എല്ലാ സഹായവും തുടർന്നും നല്കുമെന്നും അറിയിച്ചു.
കിടക്കയിൽ കിടന്നു നേഹ കുറിച്ച കവിതകൾ സ്നേഹാമൃതം എന്ന പേരിൽ പുസ്തകമായി പ്രകാശനം ചെയ്തിരുന്നു. സമഗ്ര ശിക്ഷ കാസർകോട്, ചെറുവത്തൂർ ബി ആർ സി യുടെ നേതൃത്വത്തിലാണ് പുസ്തകം പുറത്തിറക്കിയത്.
എല്ലുപൊടിയുന്ന അസുഖവും
കാഴ്ചക്കുറവുമുള്ളതിനാലാണ് നേഹയ്ക്ക് സ്‌കൂളിൽ പോകാൻ കഴിയാത്തത്. കൂട്ടുകാരും അധ്യാപകരും ഇടയ്ക്കിടെ നേഹയുടെ വീട്ടിലെത്തും. ഐ ഇ ഡി സി റിസോഴ്സ് അധ്യാപിക പി പ്രസീതയുടെ നേതൃത്വത്തിൽ ചെറുവത്തൂർ കൊവ്വൽ എ യു പി സ്കൂളിലെ അധ്യാപകരാണ് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നത്.
വിമുക്തഭടനായ പ്രകാശന്റെയും അധ്യാപികയായ ദീപയുടെയും മകളാണ് നേഹ.
No comments:
Post a Comment