കോവിഡ് മരണസംഖ്യ ഒരു ലക്ഷത്തിന് അടുത്തേക്ക്
2 hr. ago

ലോകത്ത് കോവിഡ് ബാധിതരായ മരിച്ചവരുടെ എണ്ണം തൊണ്ണൂറ്റി അയ്യായിരം പിന്നിട്ടു. 209 ലേറെ രാജ്യങ്ങളിലായി 1,599,000ത്തിലേറെ പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതേസമയം കോവിഡ് ബാധിതനായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഐ.സി.യു വാര്‍ഡില്‍ നിന്നും മാറ്റി.
ഒരു ദിവസത്തിന്റെ മാത്രം ഇടവേളയില്‍ ഏഴായിരത്തിന് മുകളില്‍ മരണങ്ങളാണ് കോവിഡ് മഹാമാരി ലോകത്ത് വിതച്ചത്. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇറ്റലിയെയും സ്പെയിനിനെയും മറികടന്ന് പല രാജ്യങ്ങളിലും ഇന്നലെ മരണ നിരക്ക് കുത്തനെ ഉയര്‍ന്നു. അമേരിക്കയില്‍ 1,757 പേരും ഫ്രാന്‍സില്‍ 1,341 പേരും ബ്രിട്ടനില്‍ 881 പേരുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരിച്ചത്. ഇതോടെ ലോകത്തെ മരണ സംഖ്യ അടുത്ത മണിക്കൂറുകളില്‍ തന്നെ ഒരുലക്ഷത്തോട് അടുക്കുമെന്ന് ഉറപ്പാണ്.
നാല് ലക്ഷത്തി അറുപത്തി അയ്യായിരത്തിലേറെ രോഗികളുള്ള അമേരിക്കയില്‍ ഇന്നലെ മാത്രം മുപ്പതിനായിരത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനം രൂക്ഷമായ യൂറോപ്പിന് പിന്നാലെ നാലായിരത്തിലേറെ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ച തുര്‍ക്കിയില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
അതേസമയം രണ്ടാം രോഗവ്യാപനം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ചൈനയില്‍ ഇന്നലെ 63 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നരലക്ഷത്തിലേറെ ആളുകള്‍ മാത്രമാണ് രോഗവിമുക്തി നേടിയത്. എന്നാല്‍ നാല്‍പ്പത്തി ഒന്‍പതിനായിരത്തിന് അടുത്ത് ആളുകള്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നത് ഒട്ടും ആശ്വാസത്തിന് വക നല്‍കുന്നില്ല.
അസുഖബാധിതനായി അത്യാസന്നനിലയില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി മന്ത്രി ബോറിസ് ജോണ്‍സന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതാണ് കഴിഞ്ഞ മണിക്കൂറുകളിലെ ആശ്വാസകരമായി കാര്യം. വേഗത്തില്‍ സുഖം പ്രാപിക്കുന്ന ജോണ്‍സനെ ഐ.സി.യുവില്‍ നിന്നും ഇന്നലെ മാറ്റിയിരുന്നു.
നിയന്ത്രണങ്ങളില്‍ ഇളവു വരുത്തരുതെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ ലോക്ഡൌണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം ഒറ്റക്ക് നടപ്പാക്കിയിരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി മറ്റിടങ്ങളില്‍ നിന്നുള്ള സഹകരണം ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് പല ലോകരാഷ്ട്രങ്ങളും.
No comments:
Post a Comment