തിരുവനന്തപുരം: കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ മാസ്‌കുകള്‍ക്ക് അനുഭവപ്പെടുന്ന ക്ഷാമം പരിഹരിക്കുന്നതിന് സംസ്ഥാനത്തെ ജയിലുകളിലുള്ള തയ്യല്‍ യൂണിറ്റുകളില്‍ മാസ്‌കുകള്‍ നിര്‍മിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ക്ക് ക്ഷാമവും വിലവവര്‍ദ്ധനയും നേരിടുന്ന സാഹചര്യമുള്ളതിനാല്‍ ജയിലുകളിലെ തയ്യല്‍ യൂണിറ്റുകളില്‍ മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂര്‍, വിയ്യൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലുകളില്‍ അടിയന്തിര നിര്‍മ്മാണം ആരംഭിക്കും. മറ്റു ജില്ലകളിലെ ജയിലുകളിലേയും സമാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതായിരിക്കും. കേരളം ഒറ്റക്കെട്ടായാണ് കോവിഡ്-19 പകര്‍ച്ചവ്യാധിയെ നേരിടുന്നത്. ആ ഉദ്യമത്തില്‍ ജയില്‍ അന്തേവാസികളും തങ്ങളാല്‍ കഴിയും വിധം ഇതുവഴി പങ്കു ചേരുകയാണ്, ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
സംസ്ഥാനത്ത് കൊറോണയും പക്ഷിപ്പനിയും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാസ്‌കുകള്‍ക്ക് വലിയ തോതില്‍ വിലവര്‍ധിച്ചിരുന്നു. അഞ്ചുമുതല്‍ പത്തുവരെ രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്‌കുകള്‍ ഇപ്പോള്‍ 35 മുതല്‍ 40 രൂപയ്ക്കാണ് വില്‍ക്കുന്നത്. തീരെ ലഭ്യമല്ലാത്ത സ്ഥിതിയും പലയിടത്തും ഉണ്ട്. ഇറക്കുമതി നിലച്ചതോടെയാണ് ക്ഷാമം അനുഭവപ്പെടുന്നത്. ചൈനയില്‍നിന്നാണ് വിലകുറഞ്ഞ മാസ്‌ക്കുകള്‍ എത്തിയിരുന്നത്. അവ ഇപ്പോള്‍ ലഭ്യമാവാത്തതാണ് ക്ഷാമം രൂക്ഷമാക്കിയത്.
No comments:
Post a Comment