തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പ്രതിരോധ നടപടികളുടെ ഭാഗമായി മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. വളരെയേറെ ആളുകള്‍ കൂടുന്ന മദ്യവില്‍പന കേന്ദ്രങ്ങളും ബാറുകളും നിര്‍ബാധം പ്രവര്‍ത്തിക്കുന്നതിന് കളമൊരുക്കുന്ന സര്‍ക്കാരിന്റെ നയസമീപനം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സുധീരന്‍ പറഞ്ഞു.
സംസ്ഥാന നിയമസഭാസമ്മേളനം ചേരുന്നതുപോലും ഉപേക്ഷിക്കുന്നതരത്തിലുള്ള കടുത്ത നടപടി സ്വീകരിച്ച ബഹു. മുഖ്യമന്ത്രി മദ്യശാലകളും മദ്യവില്പന കേന്ദ്രങ്ങളും സര്‍വ്വതന്ത്ര സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതില്‍ അപകടം കാണാതെ പോകുന്നതിന് യാതൊരു ന്യായീകരണവുമില്ല. ഇതര മേഖലകളില്‍ സ്വീകരിച്ച നടപടികള്‍ നിര്‍ബന്ധമായും മദ്യമേഖലയ്ക്കും ബാധകമാക്കണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെടുന്നു.
ആരോഗ്യമന്ത്രി, റവന്യൂ മന്ത്രി, എക്‌സൈസ് വകുപ്പ് മന്ത്രി എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
കത്തിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട മുഖ്യമന്ത്രി,
സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാനിടയുള്ള മേഖലകളില്‍ നിയന്ത്രണവും മറ്റ് നടപടികളും ഏര്‍പ്പെടുത്തിയത് ഏറ്റവും ഉചിതമായി.
സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാനിടയുള്ള മേഖലകളില്‍ നിയന്ത്രണവും മറ്റ് നടപടികളും ഏര്‍പ്പെടുത്തിയത് ഏറ്റവും ഉചിതമായി.
വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, സിനിമാശാലകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവ അടച്ചതും സര്‍ക്കാര്‍-സര്‍ക്കാരിതര പൊതുപരിപാടികള്‍, പി.എസ്.സി. പരീക്ഷകളുള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെ നിശ്ചയിക്കപ്പെട്ട പരീക്ഷകള്‍, സെക്രട്ടറിയറ്റ്, പി.എസ്.സി., പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പഞ്ചിങ്ങ് ഇതെല്ലാം ഒഴിവാക്കിയതും, മതപരമായ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും, ആരാധനാലയങ്ങളിലെത്തുന്ന ഭക്തജനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയതും അനിവാര്യമായ നടപടി തന്നെയാണ്.
എന്നാല്‍ വളരെയേറെ ആളുകള്‍ കൂടുന്നതായിട്ടുള്ള മദ്യശാലകളും, മദ്യവില്പന കേന്ദ്രങ്ങളും ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ പരിധിയില്‍ വരുന്നില്ലെന്നത് എന്തുകൊണ്ട് എന്ന ചോദ്യം സാര്‍വ്വത്രികമായി ഉയര്‍ന്നിരിക്കയാണ്.
സംസ്ഥാന നിയമസഭാസമ്മേളനം ചേരുന്നതുപോലും ഉപേക്ഷിക്കുന്നതരത്തിലുള്ള കടുത്ത നടപടി സ്വീകരിച്ച ബഹു. മുഖ്യമന്ത്രി മദ്യശാലകളും മദ്യവില്പന കേന്ദ്രങ്ങളും സര്‍വ്വതന്ത്ര സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതില്‍ അപകടം കാണാതെ പോകുന്നതിന് യാതൊരു ന്യായീകരണവുമില്ല. ഇത്രയും അപകടകരമായ കൊറോണയുടെ പശ്ചാത്തലത്തില്‍പോലും മദ്യമേഖലയെ നിര്‍ബാധം പ്രവര്‍ത്തിക്കുന്നതിന് കളമൊരുക്കുന്ന സര്‍ക്കാരിന്റെ നയസമീപനം പ്രതിഷേധാര്‍ഹമാണ്. ജനങ്ങളോടുള്ള അനീതിയുമാണ്.
ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടാനാകില്ലല്ലോ. എത്രയും വേഗത്തില്‍ത്തന്നെ തെറ്റുതിരുത്തണം. ഇതര മേഖലകളില്‍ സ്വീകരിച്ച നടപടികള്‍ നിര്‍ബന്ധമായും മദ്യമേഖലയ്ക്കും ബാധകമാക്കണം.
മഹാവിപത്തായ കൊറോണയെ പ്രതിരോധിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ ഭാഗമായി മദ്യശാലകളും മദ്യവില്പനകേന്ദ്രങ്ങളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പഴുതടച്ചുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നമുക്ക് മുന്നോട്ടുപോയേ മതിയാകൂ. ഇക്കാര്യത്തില്‍ വേണ്ടതെല്ലാം അടിയന്തിരമായി ചെയ്യണമെന്ന് താല്‍പര്യപ്പെടുന്നു.
സ്നേഹപൂര്‍വ്വം
വി.എം.സുധീരന്‍
No comments:
Post a Comment