തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 3313 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 3020 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.
പരിശോധനയ്ക്കയച്ച 1179 സാമ്ബിളുകളില്‍ 889 സാമ്ബിളുകള്‍ നെഗറ്റീവ് ആണ്. ബാക്കിയുള്ളവയുടെ ഫലം ലഭിച്ചിട്ടില്ല. തിരുവനന്തപുരത്തും കോഴിക്കോടും സാമ്ബിള്‍ പരിശോധന തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.
പബ്ലിക് ഹെല്‍ത്ത് ലാബ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, രാജീവ്ഗാന്ധി ബയോ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പരിശോധനയ്ക്കായി അനുമതി തേടിയിട്ടുണ്ട്. ഇതിനും കൂടി അനുമതി കിട്ടിയാല്‍ വേഗത്തില്‍ ഫലം ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഇറ്റലിയില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയ മൂന്നംഗ കുടുംബവുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 969 പേരെയാണ് കണ്ടെത്തിയത്. ഇതില്‍ 129 പേരെ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ 13 ശതമാനം പേര്‍ 60 വയസില്‍ കൂടുതലുള്ളവരാണ്. അവര്‍ക്ക് പ്രത്യേക പരിചരണമാണ് നല്‍കുന്നത്. കോട്ടയത്ത് 60 പേര്‍ കോണ്ടാക്‌ട് ലിസ്റ്റിലുണ്ട്. എറണാകുളത്ത് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ള മൂന്ന് വയസുകാരനുമായും മാതാപിതാക്കളുമായും സമ്ബര്‍ക്കം പുലര്‍ത്തിയ 33 ഹൈ റിസ്‌കുള്ളവര്‍ ഉള്‍പ്പെടെ 131 പേരെയും കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ കേരളത്തിലേക്ക് വരുന്നുണ്ട്. അതിനാല്‍ തന്നെ എല്ലാ എയര്‍പോര്‍ട്ടുകളിലും നല്ല സ്‌ക്രീനിംഗാണ് നടക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഇത്തരത്തില്‍ വന്നവരുണ്ടെങ്കില്‍ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സ്വമേധയാ റിപ്പോര്‍ട്ട് ചെയ്ത് വരുന്നവരും ഇപ്പോഴുണ്ട്. കൂടുതല്‍ കേസുകള്‍ വരുന്നതനുസരിച്ച് ചികിത്സ സൗകര്യങ്ങള്‍ കൂട്ടുന്നതാണ്. നല്ല ലക്ഷണങ്ങളുള്ളവരുടെ സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയയ്ക്കുന്നത്.
കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവരും അവരെ പരിചരിക്കുകയും ചെയ്യുന്ന ആളുകള്‍ മാത്രമേ മാസ്‌ക് ധരിക്കേണ്ടതുള്ളു. മാസ്‌ക് ഉപയോഗിക്കുന്നവര്‍ അത് ഉപയോഗിക്കേണ്ട മാര്‍ഗങ്ങള്‍ മനസ്സിലാക്കി ഉപയോഗിക്കേണ്ടതും ഉപയോഗശേഷം മാസ്‌കുകള്‍ ശാസ്ത്രീയമായി തന്നെ സംസ്‌കരിക്കേണ്ടതുമാണ്. പൊതുജനങ്ങള്‍ എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കേണ്ടതില്ല. എവിടെയെങ്കിലും പോയി വന്നാല്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകിയാല്‍ തന്നെ പല പകര്‍ച്ച വ്യാധികളില്‍ നിന്നും രക്ഷ നേടാവുന്നതാണ്. സാനിറ്ററൈസര്‍ ലഭ്യത കുറവ് പരിഹരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
രോഗലക്ഷണങ്ങളുള്ളവര്‍ പരിക്ഷയെഴുതാന്‍ പോകേണ്ടതില്ല. പരീക്ഷയെഴുതാന്‍ വരുന്ന കുട്ടികള്‍ക്ക് പ്രത്യേക റൂമും സൗകര്യങ്ങളും സ്‌കൂള്‍ അധികൃതര്‍ തന്നെ ചെയ്തു കൊടുക്കേണ്ടതാണ്. വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ 40 ലക്ഷം കുട്ടികളില്‍ നല്ല ബോധവത്ക്കരണം നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളുടെ സഹകരണത്തോടെ നല്ല പ്രവര്‍ത്തനമാണ് നടത്തുന്നത്. അവസാന കോണ്ടാക്‌ട് ട്രെയിസ് വരെ പ്രവര്‍ത്തിക്കേണ്ടതുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 85 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് പേര്‍ ഹൈ റിസ്‌കിലുള്ളവരാണ്. ഇടയ്ക്ക് ആരോഗ്യ നിലയില്‍ ചെറിയ വ്യത്യാസം വന്നിരുന്നെങ്കിലും ഇപ്പോള്‍ തൃപ്തികരമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
No comments:
Post a Comment