ധര്‍മശാല: ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്ബരയ്ക്ക് വ്യാഴാഴ്ച ധര്‍മശാലയില്‍ തുടക്കമാകുകയാണ്. പരിക്ക് കാരണം ഏറെക്കാലം ടീമിന് പുറത്തായിരുന്ന ഇന്ത്യന്‍ താരങ്ങളുടെ തിരിച്ചുവരവ് തന്നെയാണ് പരമ്ബരയുടെ പ്രത്യേകത.
എന്നാല്‍ ഇന്ത്യന്‍ ടീമിനും ക്യാപ്റ്റന്‍ കോലിക്കും ഇപ്പോള്‍ ഏറെ തലവേദന സൃഷ്ടിക്കുന്നതും ഇക്കാര്യം തന്നെയാണ്. പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് വിട്ടുനിന്നിരുന്ന ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ തിരിച്ചെത്തുമ്ബോള്‍ ആരെയൊക്കെ പുറത്തിരുത്തും എന്നതാണ് ടീമിന്റെ തലവേദന.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബര തൂത്തുവാരിയാണ് പ്രോട്ടീസ് എത്തുന്നത്. മറുവശത്ത് ന്യൂസീലന്‍ഡ് മണ്ണില്‍ നാണംകെട്ട് ഇന്ത്യയും. സ്വന്തം നാട്ടില്‍ ഈ കോട്ടം മറികടക്കുകയാണ് കോലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. എന്നാല്‍ അതിന് വിലങ്ങുതടിയാകുന്നത് ടീം കോമ്ബിനേഷന്‍ തന്നെ.
ധവാനൊപ്പം ആര്
പരിക്ക് മാറി തിരിച്ചെത്തിയ ധവാന്‍ തന്നെയാകും ഒരു ഓപ്പണര്‍. പരിക്കേറ്റ രോഹിത്തിന് പകരമുള്ള പൃഥ്വി ഷാ ടീമിലുണ്ട്. മായങ്ക് അഗര്‍വാളിനെ ഒഴിവാക്കിയെങ്കിലും ഒരു ഓപ്ഷന്‍ എന്ന നിലയ്ക്ക് ശുഭ്മാന്‍ ഗിലും ടീമിലുണ്ട്. ധവാനൊപ്പം ഷാ തന്നെയായിരിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ന്യൂസിലന്‍ഡില്‍ താരത്തിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇത് ഗില്ലിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന കാര്യമാണ്.
പേസര്‍മാര്‍
ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയതോടെ പേസര്‍മാരുടെ കാര്യത്തില്‍ സംശയം ഉടലെടുത്തിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് 10 ഓവര്‍ തികച്ച് എറിയാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ മാനേജ്‌മെന്റിന് സംശയമുണ്ട്. ജസ്പ്രീത് ബുംറയും നവ്ദീപ് സൈനിയുമാണ് മറ്റ് പേസര്‍മാര്‍. ഭുവിക്ക് അവസരം കൊടുക്കണോ അതോ പാണ്ഡ്യയുമായി മുന്നോട്ട് പോകണോ എന്നതാകും കോലിയുടെ ആശയക്കുഴപ്പം. പാണ്ഡ്യയാണെങ്കില്‍ ബാറ്റിങ്ങില്‍ മികച്ച ഫോമിലും.
കുല്‍ദീപോ ചാഹലോ?
സ്പിന്നര്‍മാരെ കൈയഴിഞ്ഞ് സഹായിക്കുന്ന വിക്കറ്റൊന്നുമല്ല ധര്‍മശാലയിലേത്. കഴിഞ്ഞ കുറച്ച് നാളുകളായി കുല്‍ദീപ് യാദവിനോ യൂസ്‌വേന്ദ്ര ചാഹലിനോ ആര്‍ക്കെങ്കിലും ഒരാള്‍ക്കാണ് ടീമില്‍ ഇടംലഭിക്കാറ്. ഒപ്പം രവീന്ദ്ര ജഡേജയുമുണ്ട്. കുല്‍ദീപിന്റെ വിക്കറ്റ് നേടാനുള്ള കഴിവിന് സമീപകാലത്ത് കുറവ് സംഭവിച്ചിട്ടുണ്ടെന്നത് ചാഹലിന് ടീമിലെത്താനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ജഡേജയുണ്ടെങ്കിലും കോലി ഒരു റിസ്റ്റ് സ്പിന്നറെ കളിപ്പിക്കാനാണ് സാധ്യത കൂടുതല്‍.
No comments:
Post a Comment