തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വ്യവസായ വകുപ്പിനു കീഴിലുള്ള കേരള ഡ്രഗ്സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് (കെഎസ്ഡിപി) ഹാന്റ് സാനിറ്റൈസര്‍ ഉത്പാദനം ആരംഭിച്ചു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോര്‍മുല പ്രകാരമാണ് സാനിറ്റൈസര്‍ തയ്യാറാക്കിയത്.
നിലവില്‍ സാനിറ്റൈസര്‍ കെ.എസ്.ഡി.പി ഉല്‍പ്പാദിപ്പിച്ചിരുന്നില്ല. എന്നാല്‍, കൊറോണ പടരുന്ന സാഹചര്യത്തില്‍ വിപണിയില്‍ സാനിറ്റൈസര്‍ ക്ഷാമം പരിഹരിക്കുന്നതിനാണ് കെ.എസ്.ഡി.പിയില്‍ നിര്‍മ്മാണം തുടങ്ങിയത്. കെ.എസ്.ഡി പിയിലെ തന്നെ വിദഗ്ധരാണ് സാനിറ്റൈസറിന്റെ കോമ്ബിനേഷന്‍ തയ്യാറാക്കിയത്.ശനിയാഴ്ചയോടെ രണ്ടായിരം ബോട്ടില്‍ പൂര്‍ത്തിയാകും. പത്ത് ദിവസത്തിനകം ഒരു ലക്ഷം ബോട്ടില്‍ ഹാന്റ് സാനിറ്റൈസര്‍ നിര്‍മ്മിക്കും. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനു (കെ.എം.എസ്.സി.എല്‍) വേണ്ടി ഒരു ലക്ഷം ബോട്ടിലാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്.
ഹാന്റ് സാനിറ്റൈസറിന്റെ ആദ്യ ലോഡ് കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് വെള്ളിയാഴ്ച അയച്ചു. 500 മില്ലി വരുന്ന 500 ബോട്ടിലുകളാണ് കെ.എം.എസ് സി.എല്‍ വെയര്‍ഹൗസുകളില്‍ എത്തിച്ചത്. പൊതുവിപണിയില്‍ 100 മില്ലി സാനിറ്റൈസറിന് 150 മുതല്‍ 200 രൂപ വരെയാണ് വില. എന്നാല്‍ കെഎസ്ഡിപി ഉല്‍പാദിപ്പിക്കുന്ന അര ലിറ്റര്‍ സാനിറ്റൈസറിന് 125 രൂപമാത്രമാണ് വില.
No comments:
Post a Comment