റിയാദ്: കൊറോണ വൈറസ് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ സൗദിയിലുള്ള വിദേശികളുടെ ഇറാന്‍ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി. വിലക്ക് ലംഘിക്കുന്നവരെ സൗദിയിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്ന് ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു. ഇറാനില്‍ കൊറോണ ബാധിച്ച് അഞ്ച് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിലക്കേര്‍പ്പെടുത്തിയത്.
വിലക്ക് ലംഘിച്ച് ഇറാന്‍ സന്ദര്‍ശിക്കുന്ന സൗദി പൗരന്മാര്‍ക്കെതിരെ പാസ്‌പോര്‍ട്ട് നിയമം അനുസരിച്ച് ശിക്ഷാ നടപടികള്‍ സ്വീകരിക്കും. അതേസമയം വിലക്ക് ലംഘിക്കുന്ന വിദേശികളെ സൗദിയിലേക്ക് തിരിച്ചു വരാന്‍ അനുവദിക്കില്ലെന്നും ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു.
വിദേശങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവര്‍ ഇറാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ വിവരം വിമാനത്താവളങ്ങളിലെയും രാജ്യത്തിന്റെ പ്രവേശന കവാടങ്ങളിലെയും ഉദ്യോഗസ്ഥരോട് കര്‍ശനമായും വെളിപ്പെടുത്തണമെന്നും അറിയിച്ചിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്വദേശികളും സൗദിയിലുള്ള വിദേശികളും ചൈന സന്ദര്‍ശിക്കുന്നതിന് നേരത്തെ ജവാസാത് വിലക്കേര്‍പ്പെടുത്തിയിരുന്നു.
No comments:
Post a Comment