ഡല്‍ഹി സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി; ട്രംപിന്റെ സന്ദര്‍ശനം തുടരുന്നു

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തുന്നതിനു മണിക്കൂറുകള്‍മുമ്പ് പൗരത്വനിയമഭേദഗതിയുടെ പേരില്‍ ഡല്‍ഹിയില്‍ വന്‍സംഘര്‍ഷം. ഏറ്റുമുട്ടലില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരി എ.സി.പി. ഓഫീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും (42) നാട്ടുകാരനായ ഫര്‍ഖന്‍ അന്‍സാരിയും (32) ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ശാഹ്ദ്ര ഡി.സി.പി. അമിത് ശര്‍മയുള്‍പ്പെടെ അന്പതോളംപേര്‍ക്കു പരിക്കേറ്റു. ഇതേത്തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം തുടരുന്നതിനിടെയാണ് തലസ്ഥാനത്ത് സംഘര്‍ഷം. ഡല്‍ഹിയിലാണ് ട്രംപിന്റെ ഇന്നത്തെ പരിപാടികള്‍. രാഷ്ട്രപതി ഭവനിലാണ് ആദ്യ പരിപാടി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന വിരുന്നില്‍ അദ്ദേഹവും കുടുംബവും പങ്കെടുക്കും. പിന്നീട് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും.
ദേശീയ പൗരത്വനിയമഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫ്രാബാദ്, മോജ്പുര്‍, ഭജന്‍പുര, ചാന്ദ്ബാഗ്, ശാഹ്ദ്ര, കരാവല്‍ നഗര്‍, കബീര്‍ നഗര്‍, ദയാല്‍പുര്‍, ഖജൂരി ഖാസ് എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടിയത്. ഇരുവിഭാഗവും തമ്മില്‍ ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു.
ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം കല്ലെറിഞ്ഞതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ലാത്തിച്ചാര്‍ജും നടത്തി. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും തീവെച്ചു. ഗോകുല്‍പുരിയിലെ ടയര്‍ മാര്‍ക്കറ്റിനു തീവെച്ചു. ഡി.സി.പി.യുടെ കാര്‍ കത്തിച്ചു. അഗ്‌നിശമനസേനയുടെ വാഹനം കേടാക്കി. വീടുകളും കടകളും കൊള്ളയടിച്ചു.
കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലിന്റെ മരണത്തിനിടയാക്കിയത്. പരിക്കേറ്റ നിലയില്‍ ജി.ടി.ബി. ആശുപത്രിയിലെത്തിച്ചശേഷമാണ് ഫര്‍ഖന്‍ അന്‍സാരി മരിച്ചത്. അന്‍സാരിക്ക് വെടിയേറ്റതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഘര്‍ഷം ശക്തമായതോടെ അര്‍ധസൈനിക വിഭാഗം രംഗത്തിറങ്ങി. ജാഫ്രാബാദ്, മോജ്പുര്‍-ബാബര്‍പുര്‍, ഗോകുല്‍പുരി, ജോഹ്രി എന്‍ക്ലേവ്, ശിവ വിഹാര്‍ മെട്രോസ്റ്റേഷനുകള്‍ അടച്ചു. ഡല്‍ഹിയിലെ സംഭവങ്ങളില്‍ പ്രതിഷേധിച്ച് മുംബൈയിലെ മറൈന്‍ ഡ്രൈവിലും തിങ്കളാഴ്ച രാത്രി വൈകി പ്രക്ഷോഭം നടന്നു. സമരക്കാരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു.
No comments:
Post a Comment