*കെ.എസ് മണിയെ മിൽമ, മലബാർ മേഖലാ യൂണിയൻ ചെയർമാനായി തെരഞ്ഞെടുത്തു. ഫെബ്രുവരി 11 മുതൽ മാർച്ച് 10 വരെ ക്ഷീരകർഷകർക്ക് 1.50 രൂപ അധിക പാൽ വില നൽകും*
മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാനായി കെ.എസ് മണിയെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ 9 30ന് മലബാർ മിൽമയുടെ ഹെഡ് ഓഫീസിൽ വെച്ച് ചേർന്ന മലബാറിലെ ആറു ജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളുടെ പ്രഥമ യോഗത്തിലാണ് കെ.എസ് മണിയെ ചെയർമാനായി തിരഞ്ഞെടുത്തത്. പ്രിസൈഡിങ്ങ് ഓഫീസർ ആയ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ( ജനറൽ )പി പി സുരേഷ് കുമാറിനെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്. നിലവിൽ പാലക്കാട് ജില്ലയിലെ എണ്ണപ്പാടം സംഘത്തിൻ്റെ പ്രസിഡൻ്റാണ്. 2019 ജൂൺ മുതൽ 2020 ജനുവരി വരെ സർക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയിലും കെ എസ് മണി അംഗമായിരുന്നു. 2003 മുതൽ 2008 വരെയുള്ള കാലയളവിൽ പാലക്കാട് ജില്ലയിൽ നിന്നും മലബാർ മിൽമയുടെ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നല്ലൊരു മാനേജ്മെൻ്റ് വിദഗ്ധൻ കൂടിയായ കെ.എസ് മണി ബിരുദാനന്തര ബിരുദധാരിയാണ് കോഴിക്കോട് സർവ്വകലാശാല സെനറ്റ് മെമ്പർ കൂടിയായ ഇദ്ദേഹം എഞ്ചിനീയറിങ്ങ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിൻറെ ദക്ഷിണേന്ത്യൻ ചെയർമാൻ കൂടിയാണ്.
മലബാർ മിൽമയുടെ പ്രവർത്തന മേഖലയായ കണ്ണൂർ,കാസർഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ള 14 സ്ഥാനങ്ങളിൽ 9 സീറ്റ് നേടിയാണ് കെ.എസ്. മണിയുടെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭൂരിപക്ഷം നേടിയത്. ഏറാട്ടുചെളള ക്ഷീരസംഘം പ്രസിഡണ്ട് കെ. ചെന്താമര, ഷോളയൂർ ക്ഷീര സംഘം പ്രസിഡണ്ട് എ. സനോജ്, പെരിങ്ങോട് ക്ഷീര സംഘം പ്രസിഡണ്ട് വി.വി ബാലചന്ദ്രൻ എന്നിവരാണ് കെ.എസ് മണിയെ കൂടാതെ പാലക്കാട് ജില്ലയിൽ നിന്നുള്ള ഭരണസമിതി അംഗങ്ങൾ. വാകയാട്, ഏഴംകുളം, കൊഴുക്കല്ലൂർ ക്ഷീരങ്ങളുടെ പ്രസിഡണ്ടുമാരായ പി.ടി.ഗിരീഷ്കുമാർ, പി.
ശ്രീനിവാസൻ, കെ. കെ അനിതാ എന്നിവരാണ് കോഴിക്കോട് ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികൾ. വൈക്കത്ത്, ഞണ്ടാടി ക്ഷീരസംഘങ്ങളുടെ പ്രസിഡണ്ടുമാരായ പി. പി നാരായണൻ കെ. സുധാകരൻ എന്നിവരാണ് കാസർഗോഡ് ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത ഭരണസമിതി അംഗങ്ങൾ. മലപ്പുറം ജില്ലയിലെ നിരന്നപറമ്പ്, ഒളർവട്ടം ക്ഷീര സംഘങ്ങളുടെ പ്രതിനിധിയായി ടി.പി ഉസ്മാൻ, സുധാമണി എന്നിവരെയും, വയനാട് ജില്ലയിലെ കൈതകൊല്ലി ക്ഷീരസംഘത്തെ പ്രതിനിധീകരിച്ച് ടി.കെ.ഗോപിയും, കണ്ണൂർ ജില്ലയിലെ പന്നിയൂർ, എടതൊടി ക്ഷീര സംഘങ്ങളെ പ്രതിനിധീകരിച്ച് ജനാർദ്ദനൻ, ലൈസമ്മ ആൻ്റണി എന്നിവരുമാണ് മറ്റു ഭരണസമിതി അംഗങ്ങൾ.
പാലക്കാട് ജില്ലയിൽ മിൽമയുടെ പ്രവർത്തനം ആരംഭിച്ച കാലയളവിൽ ആദ്യമായി രൂപീകൃതമായ 4 ആനന്ദ് മാതൃക ക്ഷീര സംഘങ്ങളിൽ ഒന്നാണ് കെ.എസ് മണി പ്രസിഡണ്ടായുള്ള എണ്ണപാടം ക്ഷീരസംഘം. മലബാർ മേഖലാ യൂണിയൻ മലബാറിലെ ഏറ്റവും മികച്ച ക്ഷീരസംഘങ്ങൾക്കായി ഏർപ്പെടുത്തിയ പ്രഥമ അവാർഡ് കിട്ടിയതും എണ്ണപ്പാടം സംഘത്തിനാണ്.
ഫെബ്രുവരി 11 മുതൽ മാർച്ച് 10 വരെ ക്ഷീരകർഷകർ നൽകുന്ന ഓരോ ലിറ്റർ പാലിനും ഒന്നര രൂപ വിധം അധിക പാൽ വില നൽകുന്നതിന് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ ആദ്യ യോഗത്തിൽ തന്നെ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വരുന്ന മൂന്നു കോടിയോളം രൂപ മാർച്ച് മാസം 31-ാം തീയതിയിലെ പാൽവിലയോടൊപ്പം സംഘങ്ങൾക്ക് നൽകുന്നതാണ്. ഇതിനുപുറമേ നേരത്തെ മലബാർ മേഖലാ യൂണിയൻ പ്രഖ്യാപിച്ച ക്ഷീരസദനം, പശുക്കളെ വാങ്ങുന്നതിനായി അനുവദിക്കുന്ന പലിശരഹിതവായ്പയായ റിവോൾവിംഗ് ഫണ്ട് എന്നിവയുടെ വിതരണവും സംഘങ്ങൾ മുഖേന നടപ്പിലാക്കുന്നതാണെന്ന് മിൽമ, മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ.എസ് മണി അറിയിച്ചു. കൂടാതെ മലബാർ മേഖലാ യൂണിയനിൽ വരുന്ന താൽക്കാലിക ഒഴിവുകളിലേക്ക് ക്ഷീര കർഷകരുടെ കുട്ടികളെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ മലബാർ മേഖലാ യൂണിയൻ്റെ സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡെവലപ്പ്മെൻ്റ് ഫൗണ്ടേഷൻ (എം. ആർ.ഡി.എഫ്) മുഖേന വിതരണം ചെയ്യുന്ന 25 കിലോഗ്രാം TMR കാലിത്തീറ്റയുടെ ഓരോ ചാക്കിലും 25 രൂപ വീതം വിലക്കുറവ് അനുവദിക്കുന്നതിനും തീരുമാനിച്ചു. യോഗത്തിൽ മലബാർ മേഖലാ യൂണിയൻ മാനേജിങ് ഡയറക്ടർ വിജയകുമാരൻ എം.ആർ.ഡി.എഫ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർജ്ജുകുട്ടി ജേക്കബ് എന്നിവരും സംബന്ധിച്ചു
No comments:
Post a Comment