പന്തീരാങ്കാവ് യുഎപിഎ കേസ് സംസ്ഥാന പോലീസിന് തന്നെ തിരികെ നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പന്തീരാങ്കാവ് വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് വൈകി വന്ന വിവേകമാണെന്ന് ചെന്നിത്തല പ്രതികരിച്ചു.
‘മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും വിവേകം ഉദിച്ചത് നന്നായി. നേരത്തെ ചെയ്യേണ്ടിയിരുന്നത് കാര്യമാണിത്. യുഎപിഎ ചുമത്തിയത് കൊണ്ടാണ് കേസ് എൻഐഎക്ക് വിടേണ്ടി വന്നത്’. വസ്തുത പ്രതിപക്ഷം പറഞ്ഞപ്പോൾ ബോധ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അലനും താഹയ്ക്കും എതിരായ യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാന പോലീസിന് തന്നെ കേസ് തിരികെ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ കത്ത്. പ്രതിപക്ഷത്തിന്റെ കൂടി അഭിപ്രായം മാനിച്ചാണ് കത്ത് നൽകിയതെന്നും പിണറായി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്‍.ഐ.എ നിയമത്തിന്റെ 7ബി വകുപ്പ് ഉപയോഗിച്ച് കേസ് സംസ്ഥാന സർക്കാർ തിരികെ വിളിക്കണമെന്നും യു.എ.പി.എ ചുമത്തിയത് പുനപരിശോധിക്കണമെന്നും വിഷയം ഉന്നയിച്ച്, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറാണ് ആവശ്യപ്പെട്ടത്.
No comments:
Post a Comment