ന്യൂഡല്‍ഹി: ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ബഹുമുഖ പ്രതിഭയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പ്രശംസ. സുപ്രീംകോടതി ആഡിറ്റോറിയത്തില്‍ ദ്വിദിന അന്താരാഷ്ട്ര ജുഡിഷ്യല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി.
കാലഹരണപ്പെട്ട 1500 ഓളം നിയമങ്ങള്‍ ഒഴിവാക്കിയതിന് പ്രധാനമന്ത്രിയെയും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെയും ജസ്റ്റിസ് മിശ്ര അഭിനന്ദിച്ചു. അന്തസോടെയുള്ള മനുഷ്യ നിലനില്പാണ് നമ്മുടെ പ്രഥമ ഉദ്ദേശ്യം. ഈ കോണ്‍ഫറന്‍സിന്റെ അജന്‍ഡ എന്തായിരിക്കണം എന്നതിന് ഉത്‌പ്രേരകമാകുന്നതാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. (ലോകത്താകെ വിപ്ളവകരമായ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്നും അവ സമൂഹത്തിന്റെ എല്ലാത്തട്ടിലും എത്താനും നീതിപൂര്‍വമാകാനും ജുഡിഷ്യറിയുടെ ഇടപെടല്‍ അനിവാര്യമാണെന്നാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രംഗത്തില്‍ പറഞ്ഞത്).
ആഗോളതലത്തില്‍ ചിന്തിക്കുകയും തദ്ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ദീര്‍ഘദര്‍ശിയാണ് മോദി. മോദിയുടെ നേതൃത്വത്തില്‍ ലോകത്തിലെ ഏറ്റവും ഉത്തരവാദിത്വമുള്ളതും സൗഹൃദ പൂര്‍ണവുമായ രാജ്യമായി ഇന്ത്യ മാറി. ഈ മാറ്റത്തിനൊപ്പം രാജ്യസുരക്ഷ, വികസനം, പ്രകൃതി സംരക്ഷണം എന്നിവയ്ക്കും അദ്ദേഹം പ്രധാന്യം നല്‍കുന്നു. ഇതിനെല്ലാം മോദിയോട് നന്ദി പറയണമെന്നും അരുണ്‍ മിശ്ര പറഞ്ഞു.
പ്രധാനമന്ത്രിയെ കൂടാതെ, ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസ് എല്‍. നാഗേശ്വര റാവു, അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, വിവിധ ഹൈക്കോടതി ജഡ്ജിമാര്‍, 24 വിദേശ രാജ്യങ്ങളില്‍നിന്നുള്ള ജഡ്ജിമാര്‍, അഭിഭാഷകര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
നിലവില്‍ സുപ്രീംകോടതിയില്‍ സീനിയോറിട്ടിയില്‍ മൂന്നാമനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര. ഈ വര്‍ഷം സെപ്തംബര്‍ രണ്ടിന് വിരമിക്കുന്ന മിശ്രയ്ക്ക് ചീഫ് ജസ്റ്റിസ് ആകാനാവില്ല.
No comments:
Post a Comment