പന്തീരാങ്കാവ് കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍തക്ക ഗൗരവമുള്ള കേസല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് സ്വമേധയാ ഏറ്റെടുത്തതിന് ന്യായീകരണമില്ല. കേസ് അന്വേഷണം സംസ്ഥാന പോലീസിനെ തിരികെ ഏല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. അമിത് ഷായുടെ കാല്‍ താന്‍ പിടിക്കണമോയെന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ ക്ഷോഭിച്ച മുഖ്യമന്ത്രിയാണ് ഇന്ന് നിലപാട് മാറ്റിയത്.
കേരള പോലീസ് കാര്യക്ഷമമായും തൃപ്തികരമായും അന്വേഷിച്ചുവരുന്ന കേസാണിതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് ഏറ്റെടുത്ത നടപടി എന്‍ഐഎ ആക്ടിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കും കോടതി വിധികള്‍ക്കും നിരക്കാത്തതാണ്. കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്തുവേണം സംസ്ഥാന പോലീസ് അന്വേഷിക്കുന്ന കേസുകള്‍ എന്‍ഐഎ ഏറ്റെടുക്കാന്‍. കോടതി വിധിന്യായങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തപ്പെട്ട യുവാക്കള്‍ ചായകുടിക്കാന്‍ പോയതല്ല മാവോവാദികള്‍ തന്നെയാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുള്ളത്. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്ന് പ്രതിപക്ഷം ചോദിച്ചിരുന്നു. എന്‍ഐഎ ഏറ്റെടുക്കുന്ന കേസുകള്‍ സംസ്ഥാനത്തിന് തിരികെ നല്‍കാന്‍ കഴിയുമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷായ്ക്ക് മുഖ്യമന്ത്രി കത്തയച്ചിട്ടുള്ളത്
No comments:
Post a Comment