തിരുവനന്തപുരം: വാഹനങ്ങളില്‍ ലൈറ്റിനുള്ള പ്രാധാന്യം വളരെ വലുതാണ്. രണ്ടു വാഹനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം നടക്കുന്നതു തന്നെ ലൈറ്റിലൂടെയാണ്. പല ഡ്രൈവര്‍മാരും യാത്രയ്ക്കിടെ നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാണ് എതിരെ വരുന്ന വാഹനങ്ങളിലെ ഹൈ ബീം ലൈറ്റുകള്‍. പല ഡ്രൈവര്‍മാരും ലൈറ്റുകള്‍ ഡിം ചെയ്യാന്‍ തയ്യാറാകാത്തതാണ് പലപ്പോഴും ദുരന്തങ്ങള്‍ക്കിടയാക്കുന്നത്. ഇത്തരം ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളാ പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്.
ഡിം, ബ്രൈറ്റ് മോഡുകള്‍ തിരഞ്ഞെടുക്കാനുള്ള സംവിധാനം ഹെഡ്‌ലൈറ്റ് ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ലിവറില്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ ദൂരത്തേയ്ക്ക് നേര്‍ദിശയില്‍ പ്രകാശം പരത്താനുള്ളതാണ് ബ്രൈറ്റ് മോഡ്. 100 മീറ്ററിലേറെ ദൂരത്തേയ്ക്ക് ബ്രൈറ്റ് മോഡില്‍ പ്രകാശം പരക്കും. ബ്രൈറ്റ് മോഡ് ഇടുമ്ബോള്‍ മീറ്റര്‍ കണ്‍സോളില്‍ നീല ലൈറ്റ് തെളിയുന്നത് കാണാം.
ഡിം മോഡില്‍ കുറഞ്ഞ പരിധിയില്‍ താഴ്ന്ന് മാത്രമാകും ഹെഡ്‌ലൈറ്റിന്റെ പ്രകാശം പതിക്കുക. തെരുവു വിളക്കുകള്‍ നിറഞ്ഞ നഗരവീഥികളില്‍ ഡിം മോഡ് മാത്രം ഉപയോഗിക്കണം. ഹൈവേകളിലും ഇരുട്ട് നിറഞ്ഞ വഴികളിലും ബ്രൈറ്റ് ഇടാം. 200 മീറ്റര്‍ പരിധിയ്ക്കുള്ളില്‍ എതിരെ അല്ലെങ്കില്‍ മുന്നില്‍ വണ്ടിയുള്ള പക്ഷം ഹെഡ് ലൈറ്റ് ഡിം മോഡിലിടണം.
രാത്രിയില്‍ ഹോണ്‍ ഉപയോഗം പാടില്ലാത്തതിനാല്‍ ഓവര്‍ടേക്ക് ചെയ്യേണ്ടപ്പോള്‍ മുന്നില്‍ പോകുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് സൂചന നല്‍കാന്‍ ഹെഡ് ലൈറ്റ് ഇടവിട്ട് ബ്രൈറ്റ് ചെയ്യുക. വളവുകളില്‍ ഡിം, ബ്രൈറ്റ് മോഡുകള്‍ ഇടവിട്ട് ചെയ്യുക. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയിക്കാന്‍ ഇതു സഹായിക്കും. നിങ്ങളുടെ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് ബ്രൈറ്റ് മോഡിലായിരിക്കുമ്ബോള്‍ എതിരെ വരുന്ന വാഹനം ലൈറ്റ് മിന്നിക്കുന്നത് ഡിം ചെയ്യാനുള്ള അഭ്യര്‍ഥനയാണ്.
ഹൈവേയില്‍ ലൈന്‍ മാറുമ്ബോഴും ഏതെങ്കിലും വശത്തേയ്ക്ക് തിരിയുമ്ബോഴും ശരിയായ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. യു ടേണ്‍ എടുക്കുമ്ബോള്‍ 30 മീറ്റര്‍ മുന്‍പെങ്കിലും ഇന്‍ഡിക്കേറ്റര്‍ ഇടണം. സാധാരണ റോഡില്‍ ഏതെങ്കിലും വശത്തേയ്ക്ക് തിരിയുന്നതിന് 200 അടി മുന്‍പ് ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കണം. ഹൈവേയിലാണെങ്കില്‍ 900 അടി മുന്‍പ് വേണം. ഉപയോഗശേഷം ഇന്‍ഡിക്കേറ്റര്‍ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
ഇന്‍ഡിക്കേറ്റര്‍ ഇട്ടതുകൊണ്ടുമാത്രം എവിടെ വച്ചും തിരിയാന്‍ അവകാശമുണ്ടെന്ന് കരുതരുത്. എതിര്‍ ദിശയില്‍ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഏതെങ്കിലും വശത്തേയ്ക്ക് തിരിയാവു. റിയര്‍ വ്യൂ മിററുകളിലൂടെ പിന്നിലെ ട്രാഫിക്കും ശ്രദ്ധിക്കണം. മറ്റൊരു വാഹനത്തിന് ഓവര്‍ടേക്ക് ചെയ്യാനുള്ള അനുമതി നല്‍കുന്നതിനായി യാതൊരു കാരണവശാലും വലത്തേയ്ക്കുള്ള ഇടരുത്. ഹാന്‍ഡ് സിഗ്‌നല്‍ കാണിക്കുക. അതു ബുദ്ധിമുട്ടാണെങ്കില്‍ ഇടത് വശത്തേയ്ക്കുള്ള ഇന്‍ഡിക്കേറ്റര്‍ ഇടണം. നിങ്ങള്‍ സൈഡ് ചേര്‍ക്കുകയാണെന്ന് ധാരണയോടെ പിന്നിലുള്ള വാഹനം ഓവര്‍ടേക്ക് ചെയ്തുകൊളളും.
വിലപ്പെട്ട ജീവനുകള്‍ പൊതുനിരത്തില്‍ പൊലിയാതിരിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ചും സുരക്ഷിതമായും വാഹനമോടിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
No comments:
Post a Comment