അവിനാശി ദുരന്തം: അപകടകാരണം ട്രക്ക്‌ ഡ്രൈവര്‍ ഉറങ്ങിയത്‌ ; റിപ്പോര്‍ട്ട്‌ നല്‍കി - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Sunday, February 23, 2020

അവിനാശി ദുരന്തം: അപകടകാരണം ട്രക്ക്‌ ഡ്രൈവര്‍ ഉറങ്ങിയത്‌ ; റിപ്പോര്‍ട്ട്‌ നല്‍കി

ട്രക്ക്‌ ഡ്രൈവര്‍ ഉറങ്ങിയതാണ്‌ അവിനാശിയില്‍ 19 പേര്‍ മരിച്ച അപകടത്തിന്‌ കാരണമായതെന്ന്‌ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്‌. ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അശ്രദ്ധയോടെ വണ്ടിയോടിച്ചതോ അപകടകാരണമായെന്നാണ്‌ കണ്ടെത്തല്‍. ട്രക്ക്‌ നിയന്ത്രണംവിട്ട്‌ റോഡിലെ കോണ്‍ക്രീറ്റ്‌ മീഡിയനില്‍ക്കൂടി 50 മീറ്ററോളം സഞ്ചരിച്ചു. ഘര്‍ഷണം മൂലം പിന്‍ചക്രം പൊട്ടുകയും പിന്നീട്‌ 20 മീറ്റര്‍ കൂടി വാഹനം മുന്നോട്ട്‌ നീങ്ങുകയും ചെയ്‌തു. ഇതിനിടയില്‍ കണ്ടെയ്‌നര്‍ ട്രക്കില്‍നിന്ന്‌ വേര്‍പെട്ട്‌ തെന്നിനീങ്ങി കെഎസ്‌ആര്‍ടിസി ബസില്‍ ശക്തിയായി ഉരസുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാലക്കാട്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ആര്‍ടിഒ പി ശിവകുമാറിന്റെ നേതൃത്വത്തില്‍ നാല്‌ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാരടങ്ങിയ വിദഗ്‌ധസംഘം അപകടംനടന്ന അവിനാശിയില്‍ പരിശോധന നടത്തിയാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌.
രണ്ട്‌ വണ്ടികള്‍ക്കും യന്ത്രത്തകരാര്‍ ഇല്ലെന്നും പരിശോധനയില്‍ കണ്ടെത്തി. ദേശീയ ഹൈവേയില്‍ ട്രക്ക്‌ ഡ്രൈവര്‍മാര്‍ക്ക്‌ വാഹനം നിര്‍ത്തി വിശ്രമിക്കാന്‍ 'ട്രക്ക്‌ ബേ'കളും വിശ്രമത്താവളങ്ങളും തുടങ്ങുന്നത് ദേശീയപാതാ അതോറിറ്റിയുമായി ചര്‍ച്ചചെയ്യണമെന്നും റിപ്പോര്‍ട്ട്‌ നിര്‍ദേശിക്കുന്നു. ദീര്‍ഘദൂര ട്രക്കുകളില്‍ രണ്ട്‌ ഡ്രൈവര്‍മാര്‍ വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം. ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന്‌ പരിശോധിക്കാന്‍ സംസ്ഥാന അതിര്‍ത്തി ചെക്ക്‌ പോസ്‌റ്റുകളില്‍ ബ്രീത്ത്‌ അനലൈസറുകള്‍ ലഭ്യമാക്കണം. ട്രക്കുകളില്‍ അമിതഭാരം കയറ്റുന്നത്‌ തടയാന്‍ ചെക്ക്‌ പോസ്‌റ്റുകളില്‍ വെയിങ്‌ ബ്രിഡ്‌ജ്‌ നിര്‍ബന്ധമാക്കണമെന്നും റിപ്പോര്‍ട്ട്‌ നിര്‍ദേശിക്കുന്നു. ഗതാഗത കമീഷണര്‍ ആര്‍ ശ്രീലേഖയ്ക്ക്‌ നല്‍കിയ റിപ്പോര്‍ട്ട്‌ മന്ത്രി എ കെ ശശീന്ദ്രന്‌ സമര്‍പ്പിച്ചു.
കൂടുതല്‍ പരിശോധനയ്‌ക്കായി തിങ്കളാഴ്ച ബസ്‌ അവിനാശിയില്‍നിന്ന്‌ ഏറ്റെടുക്കും. അപകടം സംബന്ധിച്ച്‌ തമിഴ്‌നാട്‌ പൊലീസിന്റെ റിപ്പോര്‍ട്ട്‌ ലഭിച്ച ശേഷം തുടര്‍നടപടിയിലേക്ക്‌ കടക്കുമെന്ന്‌ മോട്ടോര്‍ വാഹന വകുപ്പ്‌ അറിയിച്ചു.
റോഡ്‌ സുരക്ഷാ അതോറിറ്റി യോഗം 25ന്‌
അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച റോഡ്‌ സുരക്ഷാ അതോറിറ്റി അടിയന്തര യോഗം ചേരും. അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത്‌ ചേരുന്ന യോഗം ഭാവിയില്‍ അപകടങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ ചര്‍ച്ചചെയ്യും. ദീര്‍ഘദൂര ട്രക്കുകളില്‍ രണ്ട്‌ ഡ്രൈവര്‍മാരെ ഉറപ്പാക്കുന്നത്‌ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗം പരിഗണിക്കും.
ട്രക്ക്‌ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ്‌ അവിനാശി അപകടത്തിന്‌ കാരണമെന്ന്‌ മോട്ടോര്‍ വാഹന വകുപ്പ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. രാത്രികാലത്ത്‌ വിശ്രമമില്ലാതെ ദീര്‍ഘദൂരം വണ്ടിയോടിക്കുന്നത്‌ അപകടം വരുത്തി വയ്ക്കാറുണ്ട്‌. ഇത്‌ പരിഗണിച്ച്‌ ദേശീയപാതകളില്‍ ലോറി ഡ്രൈവര്‍മാര്‍ക്ക്‌ വിശ്രമ സൗകര്യം ഏര്‍പ്പെടുത്തും.
കണ്ടെയ്‌നര്‍ ഉടമസ്ഥര്‍ക്കായി പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കുന്നതും യോഗം ചര്‍ച്ച ചെയ്യും.
റോഡ്‌ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ്‌ പ്രശ്‌നങ്ങളും പരിശോധിക്കും. പൊതുമരാമത്ത് മന്ത്രി, സംസ്ഥാന പൊലീസ്‌ മേധാവി, ഗതാഗത കമീഷണര്‍, വിവിധ വകുപ്പ്‌ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

No comments:

Post a Comment

Post Bottom Ad

1 3