2000 രൂപ നോട്ടുകൾ എ.ടി.എമ്മുകളിൽനിന്ന് ഒഴിവാക്കുന്നു

മുംബൈ: രാജ്യത്തെ എ.ടി.എമ്മുകളിൽനിന്ന് 2000 രൂപ നോട്ടുകൾ ഒഴിവാക്കിത്തുടങ്ങി. ഇന്ത്യൻ ബാങ്ക് ഇക്കാര്യം ഉപഭോക്താക്കളെ നേരിട്ട് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ബാങ്ക് ശാഖകളോട് അടുത്തുള്ള എ.ടി.എമ്മുകളിൽനിന്ന് 2000 രൂപ നോട്ട് ലഭിച്ചാൽ ഇതു മാറ്റിവാങ്ങുന്നതിന് ആളുകൾ എത്തുന്നത് ശാഖകളിൽ തിരക്കുകൂട്ടുന്നതാണ് കാരണമായി പറഞ്ഞത്. അതേസമയം, മറ്റു ബാങ്കുകളും 2000 രൂപയുടെ കാസറ്റുകൾ എ.ടി.എമ്മുകളിൽനിന്ന് നീക്കുന്നതായാണ് വിവരം. പകരം 500, 200, 100 രൂപ നോട്ടുകളായിരിക്കും എ.ടി.എമ്മിൽനിന്നു ലഭിക്കുക.
2019 ഡിസംബർവരെയുള്ള കണക്കനുസരിച്ച് രാജ്യത്താകെ 2,10,000 എ.ടി.എമ്മുകളാണുള്ളത്. ഇവയിലെ 2000 രൂപയുടെ കാസറ്റ് നീക്കംചെയ്തുകൊണ്ടിരിക്കുകയാണെന്ന് ബാങ്കിങ് മേഖലയിൽനിന്നുള്ളവർ അറിയിച്ചു. എസ്.ബി.ഐ., ഫെഡറൽ ബാങ്ക് എന്നിങ്ങനെ ചില ബാങ്കുകളുടെ എ.ടി.എമ്മുകളിൽനിന്ന് ഇപ്പോഴും 2000 രൂപ നോട്ടുകൾ ലഭിക്കുന്നുണ്ടെങ്കിലും എണ്ണത്തിൽ വളരെ കുറവാണ്.
No comments:
Post a Comment