ന്യൂഡല്‍ഹി: രാജ്യത്ത് പുകയില ഉപഭോഗം നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിയമപരമായി പുകയില ഉപയോഗിക്കുന്നവരുടെ പ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അധികം വൈകാതെ തന്നെ തീരുമാനം നടപ്പില്‍ വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പുകയില നിയന്ത്രണത്തിന് നിയമ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം രൂപം നല്‍കിയ നിയമ വിഭാഗം അടുത്തിടെ യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ യോഗത്തില്‍ ഉയര്‍ന്നുവന്ന ശുപാര്‍ശകള്‍ ആരോഗ്യ മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പുകയില ഉപഭോഗത്തിന്റെ നിയമപരമായ പ്രായം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നിയമലംഘനത്തിനുള്ള പിഴ തുക വര്‍ദ്ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സിഗരറ്റ് പോലെയുള്ള പുകയില ഉത്പന്നങ്ങളുടെ അനധികൃത വ്യാപാരം പരിശോധിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
18നും 21നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ പുകവലി ആരംഭിക്കാന്‍ ഏറെ സാധ്യതയുള്ളവരാണ്. സ്‌കൂളുകളിലോ കോളേജുകളിലോ വെച്ചാണ് ഭൂരിഭാഗം ആളുകളും പുകവലി ആരംഭിക്കുന്നത്. നിയമപരമായ പ്രായം 21 ആക്കി ഉയര്‍ത്തുന്നത് ഓരോ വര്‍ഷവും പുകയില ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം ഗണ്യമായി കുറയ്ക്കും. ഇതോടെ 21 വയസിന് താഴെയുള്ള കുട്ടികളെ പുകയില ഉത്പ്പന്നങ്ങള്‍ വാങ്ങുന്നതിനായി കടകളിലേക്ക് അയക്കാന്‍ മാതാപിതാക്കള്‍ക്ക് പോലും കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.
No comments:
Post a Comment