കാസർഗോഡ് ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായ നീലേശ്വരത്തിന്റെ മണ്ണിൽ നിന്നും ഒരു ചലച്ചിത്രം പിറവിയെടുക്കുന്നു. " ഉരിയാട്ട് ". തെയ്യങ്ങളുടെ നാടായ വടക്കിന്റെ മണ്ണിൽ ക്ഷേത്രങ്ങളിലും, കാവുകളിലും, തറവാടുകളിലും ഒക്കെ പ്രധാനമായും കെട്ടിയാടുന്ന ശ്രീ വിഷ്ണുമൂർത്തി എന്ന പരദേവതയുടെ ചരിത്ര പശ്ചാത്തലമാണ് ഉരിയാട്ടിന്റെ പ്രമേയം. ഇന്ന് കേരളം നേരിടുന്ന വെല്ലുവിളികളെ ശ്രീ വിഷ്ണുമൂർത്തിയുടെ ചരിത്ര പശ്ചാത്തലവുമായി കൂട്ടിയിണക്കി രണ്ടു കാലഘട്ടത്തിന്റെ കഥയാണ് "ഉരിയാട്ടി" ലൂടെ പറയുന്നത്.കെ. ഭുവനചന്ദ്രൻ സംവിധാനം നിർവ്വഹിക്കുന്ന 'ഉരിയാട്ട് ' ഫെബ്രുവരി 14 ന് പ്രദർശനത്തിന് എത്തുന്നു.
തെയ്യം കലയുടെ ആത്മാവ് ആവാഹിക്കു ന്ന ഉരിയാട്ട് നന്മ മരിക്കാത്ത മനസ്സുകളിലേക്ക് നാട്ടുപാട്ടിന്റെ നൈർമല്യവുമായാണ് എത്തുന്നത്.നിഗ്രഹാനുഗ്രഹ ശക്തികളുള്ള അരൂപികളായ ദേവതകൾക്ക് രൂപങ്ങൾ മെനയുകയും ഉപാസനയിലൂടെ ദേവചൈതന്യത്തിന്റെ പര കോടിയിൽ ഭക്ത്യാദരപൂർവ്വം ദർശിക്കുകയും ചെയ്യുന്ന അനുഷ്ഠാന കലയാണ് തെയ്യം.
വരവിളിത്തോറ്റങ്ങളിലൂടെ ദേവതയെ ആവാഹിച്ച് നർത്തകനിൽ ആവേശിക്കുന്ന പരകായപ്രവേശം' ഉറഞ്ഞാടുകയും നേർച്ച കാഴ്ചകൾ സ്വീകരിക്കുകയും ചെയ്ത് കുറികൊടുത്ത് ഉരിയാട്ട് കേൾപ്പിക്കുന്ന ദൈവ രൂപം ഭക്ത ഹൃദയങ്ങളിൽ ആനന്ദ നിർവൃതിയാകുന്നു.
അധികാരഗർവ്വിനെതിരെ പൊരുതിയ അടിയാളരുടെ ചോര നനച്ച മണ്ണിൽ നിന്നും തിന്മകളെ ചവിട്ടിമെതിച്ച് നന്മയുടെ വഴികളിലൂടെ ഉയിർത്തെഴുന്നേൽപ്പിന്റെ ചരിത്രത്തിലേക്ക് നടന്ന് കയറിയവരാണ് തെയ്യങ്ങൾ .കാസർഗോഡ് ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായ നീലേശ്വരത്തിനും പറയാൻ സംഭവബഹുലമായ ഒരു പുരാവൃത്തമുണ്ട്'
ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയെന്ന് വിശേഷിപ്പിക്കാവുന്ന പലന്തായി കണ്ണന്റെ ചരിതം.
വരേണ്യഗർവ്വിന്റെ മൂടുപടങ്ങൾ ചിന്തിയെറിഞ്ഞ് കുറുവാട്ട് കുറുപ്പെന്ന ജന്മിക്കെതിരെ ഇടിവാൾ പോലെ പെയ്തിറങ്ങിയ പ്രതികാരത്തിന്റെ ചരിതം. തുളുനാടിന്റെ മണ്ണിൽ നിന്നും ചുരികത്തുമ്പിലേറിയെത്തിയ നരസിംഹ ചൈതന്യം കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രത്തിൽ വിഷ്ണു മൂർത്തിയായി വാണരുളുന്ന നന്മയുടെ ചരിതം. നാട്ടു മൊഴിച്ചന്തത്തിന്റെ ഇതിവൃത്ത ശോഭയിൽ ഒരു പുരാവൃത്തം അഭ്രപാളിയിലേക്ക് ആവാഹിക്കുകയാണ് ഉരിയാട്ട്.
ഗ്രാമീണരായ തെയ്യം കലാകാരന്മാരുടെ ജീവിതം വരച്ചുകാട്ടുന്ന ഉരിയാട്ടിൽ പാരമ്പര്യമായ തെയ്യം കലാകാരന്മാരുടെ കുടുംബത്തിൽ പിറന്ന വിഷ്ണു എന്ന ആധുനിക വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് കഥ തുടരുന്നത്.പുതു ലോകത്തോടും അതിന്റെ യുക്തിയേയും ഇഷ്ടപ്പെടുന്ന വിഷ്ണുവിന് തന്റെ പാരമ്പര്യ ജീവിത ശൈലിയോട് കൂടി മുന്നോട്ട് പോകാൻ താൽപര്യമില്ല. എന്നാൽ കാലത്തിന്റെ മാറ്റം വിഷ്ണുവിൽ ഉണ്ടാക്കുന്ന പരിണാമവും കരളാ ഹസ്തത്തിൽ നിന്നും സ്വന്തം നാടിനെ മോചിപ്പിക്കാനുള്ള കർത്തവ്യവുമായിട്ട് പാരമ്പര്യമായിട്ടുള്ള അനുഷ്ഠാനങ്ങളെ ഉപാസിക്കാൻ വിഷ്ണു തയ്യാറാകുന്നു. ഇതു മൂലം കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളും ഛിദ്ര ശക്തികളുടെ അക്രമണങ്ങളുമായിട്ട് ഒട്ടേറെ വെല്ലുവിളികൾ വിഷ്ണു നേരിടുന്നു.
രണ്ട് കാലഘട്ടത്തിന്റെ കഥ പറയുന്ന ഉരിയാട്ട് അന്താരാഷ്ട്ര തലത്തിൽ തെയ്യത്തിന്റെ പ്രസക്തി ഉയർത്തി കാണിക്കുന്ന തരത്തിൽ അനുഷ്ഠാനത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.
കാസർകോട് ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായ നീലേശ്വരത്ത് നിന്നും ജനകീയ കൂട്ടായ്മയിൽ നിന്നാണ് ഉരിയാട്ട് രൂപം കൊള്ളുന്നത്. കലാകാരന്മാരും കലാ സ്നേഹികളുമായ 40 ഓളം പേരുടെ അധ്വാനമാണ് ഉരിയാട്ടി ന്റെ പിറവിക്കാധാരം. ഈ കൂട്ടായ്മയിൽ രൂപം കൊണ്ട പ്ലേ ആൻറ് പിക്ചർ ക്രിയേഷൻസിന്റെ ബാനറിൽ ഭരതൻ നീലേശ്വരമാണ് ചിത്രം നിർമ്മിക്കുന്നത്.നവാഗതനായ രമേഷ് പുല്ലാപ്പള്ളി രചന നിർവ്വഹിച്ചു. കെ. ഭൂവനചന്ദ്രൻ സംവിധാനം ചെയ്യുന്നു. രമേഷ് പുല്ലാപ്പള്ളി, അജിത് സായി എന്നിവരുടെ ഗാനങ്ങൾക്ക് കൈതപ്രം വിശ്വനാഥൻ നമ്പൂതിരി, സുദർശൻ പയ്യന്നൂർ എന്നിവർ സംഗീതം നൽകി. മധു ബാലകൃഷ്ണനും കലേഷ് കരുണാകരനും ഗാനങ്ങൾ ആലപിച്ചു. ഷാജി ജേക്കബ്ബ് ക്യാമറ കൈകാര്യം ചെയ്തു. ആർട്ട് - സിമോൻ വയനാട്, മെയ്ക്കപ്പ് - റോയി പെല്ലിശ്ശേരി, വസ്ത്രാലങ്കാരം - കുക്കു ജീവൻ, ബി.ജി.എം- സുദർശൻ പയ്യന്നൂർ, അസോസിയേറ്റ് ഡയറക്ടർ - പ്രദീപൻ കടി യങ്ങാട്, സ്റ്റണ്ട് - ജി.ശരവണൻ, സ്റ്റിൽസ് - ഷിബു മറോളി, ഡിസൈൻ - മനു ഡാവൻസി പ്രൊഡക്ഷൻ കൺട്രോളർ- അരവിന്ദൻ കണ്ണൂർ എന്നിവർ നിർവ്വഹിച്ചു.നീലേശ്വരത്തെയും പരിസരങ്ങളിലേയും ഒട്ടേറെ കലാകാരന്മാരും വ്യക്തിത്വങ്ങളും അഭിനയിച്ചിട്ടുള്ള ചിത്രത്തിൽ
സന്തോഷ് സരസ്, ആശിഷ് വിദ്യാർത്ഥി, ശ്രീജിത് രവി, സുനിൽ സുഗത, ജയൻ ചേർത്തല, ചെമ്പിൽ അശോകൻ, കന്നട താരം മനോജ് സൂര്യനാരായണ, ഭരതൻ നീലേശ്വരം, ശിവദാസ് മട്ടന്നൂർ, രാജേന്ദ്രൻ തായാട്ട്, ഒ.വി.രമേഷ്, വിശ്വനാഥൻ കൊളപ്രത്ത്, രമേഷ് കോട്ടയം, ടെൻസി വർഗ്ഗീസ്, അഖിലേഷ് പൈക്ക, ഗണേശൻ മോസുമ്മൽ, മാളവിക നാരായണൻ, ഐശ്വര്യ, ഇന്ദിര നായർ, അമ്മിണി ചന്ദ്രാലയം, ഭാനുമതി പയ്യന്നൂർ, വത്സല നാരായണൻ,സുമിത്ര പയ്യന്നൂർ തുടങ്ങിയ ഒരു താര നിര തന്നെയുണ്ട്.
No comments:
Post a Comment