ശാന്ത സുന്ദരം വലിയപറമ്പ ദ്വീപ് ?
വലിയപറമ്പ: തലക്കെട്ട് പോലെ അത്ര സുന്ദരമല്ല ഇന്ന് വലിയപറമ്പ ദ്വീപ്, വരാൻ പോകുന്ന ഒരു വലിയ ദുരന്തമുഖത്താണ് ഇന്ന് കേവലം 500 മീറ്റർ വീതിയുള്ള നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ ഗ്രാമം. കടൽക്ഷോഭം രൂക്ഷമായ കേരളത്തിലെ ഒരേയൊരു ദ്വീപാണ് വലിയപറമ്പ ഗ്രാമ പഞ്ചായത്ത് ഔദ്യോഗികമായി 24 കിലോമീറ്ററാണ് നീളമെങ്കിൽ ദിനംപ്രതി ടൺ കണക്കിന് മണലുറ്റൽ മൂലം മെലിഞ്ഞുണങ്ങിയ ശാലീന സുന്ദരിയാണ് ഇന്ന് ഈ ദ്വീപ്. ലാഭക്കൊതിയും സാമ്പത്തിക കൊതിയും മൂത്ത് പ്രകൃതിയുടെ മേൽ മനുഷ്യർ നടത്തുന്ന സംഹാര താണ്ഡവത്തിനുള്ള മറുപടി ഇന്നല്ലെങ്കിൽ നാളെ നാം അനുഭവിക്കാൻ പോകുന്നതേയുള്ളൂ. വർഷക്കാലമായാൽ ദ്വീപ് ജനതയുടെ മനസിൽ ആശങ്കയുയർത്തിയുള്ള കടൽക്ഷോഭം, ഈ സമയത്തൊക്കെ എം പി യും എംഎൽഎയും മറ്റ് ജനപ്രതിനിധികളും വന്ന് ഒരു സന്ദർശന മാമാങ്കം നടത്തി ജനതയെ ആശ്വസിപ്പിക്കും. വാർത്തകളിൽ കളർ ഫോട്ടോ സഹിതം ഇടം പിടിക്കും ഇതൊക്കെ കാണുമ്പോൾ ചിരിക്കാതെ വയ്യ. ഈ കഴിഞ്ഞ വർഷക്കാലത്തും ഉണ്ടായി ഇത്തരം സന്ദർശന മാമാങ്കം മാത്രമല്ല വയറുനിറച്ചും മോഹന വാഗ്ദാനങ്ങളും കരിങ്കൽ ഭിത്തി, നഷ്ടപരിഹാരം, മണ്ണാങ്കട്ട! എന്തിന് ഈ കടലോര വാസികളെ മോഹന വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുന്നു. മണലെടുപ്പ് എന്ന മഹാമാരി സമീപ ഭാവിയിൽ ജനതയെ ഉപ്പുവെള്ളം കുടിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല എന്നത് ശാസ്ത്രീയ വസ്തുത. നമ്മൾ കാത്തിരിക്കുന്നു അടുത്ത കടൽക്ഷോഭത്തിനായി അപ്പോഴല്ലേ എം പി യും എം എൽ എയും വാഗ്ദാനങ്ങളുമായി നമ്മളെ കാണാനെത്തുകയുള്ളൂ.
റിപ്പോർട്ട്: അജേഷ് കൊവ്വൽ വീട്
No comments:
Post a Comment