ജമീല മാലിക് ഓര്‍മ്മയായി, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യ മലയാളി വനിത - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Wednesday, January 29, 2020

ജമീല മാലിക് ഓര്‍മ്മയായി, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യ മലയാളി വനിത



തിരുവനന്തപുരം:യാഥാസ്ഥിതികതയുടെ കെട്ടുപാടുകള്‍ മറികടന്ന് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഭിനയം പഠിച്ച മലയാളത്തിലെ ആദ്യ നടിയായി ചരിത്രത്തില്‍ ഇടം പിടിച്ച ജമീല മാലിക് (73) ഓര്‍മ്മയായി. ബീമാപള്ളി ഉറുസുമായി ബന്ധപ്പെട്ട് പൂന്തുറയിലെ ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി 12 ഓടെ കുഴഞ്ഞു വീണ ജമീലയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
1946 ല്‍ കോണ്‍ഗ്രസ് നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായിരുന്ന കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്റേയും തങ്കമ്മയുടേയും മകളായാണ് ജമീലയുടെ ജനനം. എസ്.എസ്.എല്‍.സി പഠനത്തിനു ശേഷം 16-ാം വയസില്‍ പൂനെ ഫിലിം
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു.പെണ്‍കുട്ടികള്‍ സിനിമാ അഭിനയം പഠിക്കുന്നത് ആരും ചിന്തിക്കുക പോലും ചെയ്യാത്ത കാലമായിരുന്നു അത്.
എഴുപതുകളിലും എണ്‍പതുകളിലും നിരവധി സിനിമകളിലും പില്‍ക്കാലത്ത് ഏതാനും സീരിയലുകളിലും ജമീല മാലിക് അഭിനയിച്ചു.1973ല്‍ എന്‍.എന്‍.പിഷാരടി സംവിധാനം ചെ്യത 'റാംഗിംഗ്' എന്ന പി.ജെ. ആന്റണി നായകനായ സിനിമയിലാണ് ആദ്യം നായികയായത്.
'പാണ്ഡവപുരം', 'ആദ്യത്തെ കഥ', 'രാജഹംസം', 'ലഹരി' തുടങ്ങിയ ചിത്രങ്ങളിലും നായികയായി. സേതുവിന്റെ പ്രശസ്‌ത നോവലായ പാണ്ഡവപുരം പ്രമേയമാക്കി അതേപേരില്‍ ജി.എസ്. പണിക്കര്‍ സംവിധാനം ചെയ്ത സിനിമയിലെ ദേവി ടീച്ചര്‍ എന്ന കഥാപാത്രം ജമീല മാലിക്കിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. 'ലക്ഷ്മി', 'അതിശയരാഗം' എന്നീ തമിഴ് ചിത്രങ്ങളിലും നായികയായി. ദൂരദര്‍ശന്റെ സാഗരിക, കയര്‍, മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. നിരവധി ഹിന്ദി ചിത്രങ്ങള്‍ക്ക് ഡബ് ചെയ്തു. നിരവധി റേഡിയോ നാടകങ്ങളും 'ശരറാന്തലിന്റെ വെളിച്ചത്തില്‍' എന്നൊരു നോവലും എഴുതി.
1983ല്‍ വിവാഹിതയായെങ്കിലും ഒരു വര്‍ഷത്തിനുശേഷം ബന്ധം വേര്‍പിരിഞ്ഞു. മകന്‍: അന്‍സര്‍ മാലിക്. മകന്റെ രോഗവും സിനിമകളുടെ കുറവും കാരണം വാര്‍ദ്ധക്യനാളുകളില്‍ സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ജമീലയ്ക്ക് 'അമ്മ' പാലോട് ഒരു വീട് നല്‍കിയിരുന്നു. അവിടെയായിരുന്നു താമസം.
ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മധുപാല്‍, ജലജ, ഭാഗ്യലക്ഷ്മി, മഹേഷ് പഞ്ചു, പി.ശ്രീകുമാര്‍, നന്ദു, പ്രൊഫ.അലിയാര്‍, പ്രമോദ് പയ്യന്നൂര്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. സിനിമാ, സാംസ്‌കാരിക സംഘടനകള്‍ക്ക് വേണ്ടിയും പുഷ്പചക്രമര്‍പ്പിച്ചു. വൈകിട്ട് മൂന്നരയോടെ മൃതദേഹം കൊല്ലം ജോനകപ്പുറത്തേക്കു കൊണ്ടുപോയി.
അവിടെ പൊതുദര്‍ശനത്തിന് ശേഷം ജോനകപ്പുറം വലിയപള്ളി കബര്‍സ്ഥാനില്‍ കബറടക്കി. ജമീലയുടെ മാതാപിതാക്കളെ കബറടക്കിയതും ഇവിടെയാണ്. പ്രിയപ്പെട്ടവര്‍ക്കൊപ്പം ഇനി ജന്മനാട്ടില്‍ ജമീല‌യ്‌ക്കും അന്ത്യവിശ്രമം.
ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് അന്ത്യോപചാരം അര്‍പ്പിച്ചു.

No comments:

Post a Comment

Post Bottom Ad

1 3